Hannah ഹന്ന
ആരായിരുന്നു ഹന്ന?
എൽക്കാനയുടെ ഭാര്യയും പുരാതന യി സ്രായേല്യരുടെ പ്രമുഖപ്രവാചകനായിരുന്ന ശമുവേലിന്റെ അമ്മയും ആയിരുന്നു ഹന്ന
1 ശമുവേൽ 1:1, 2, 4-7.
എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എൽക്കാനാ എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകൻ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകൻ ആയിരുന്നു.
2 എൽക്കാനെക്കു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവൾക്കു പെനിന്നാ എന്നും പേർ; പെനിന്നെക്കു മക്കൾ ഉണ്ടായിരുന്നു; ഹന്നെക്കോ മക്കൾ ഇല്ലായിരുന്നു.
3 അവൻ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവെക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.
4 എൽക്കാനാ യാഗം കഴിക്കുമ്പോൾ ഒക്കെയും തന്റെ ഭാര്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാർക്കും പുത്രിമാർക്കും ഓഹരികൊടുക്കും.
5 ഹന്നെക്കോ അവൻ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗർഭം അടെച്ചിരിന്നു.
6 യഹോവ അവളുടെ ഗർഭം അടെച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു.
7 അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ടു അവൾ കരഞ്ഞു പട്ടിണി കിടന്നു
ഹന്ന ചെയ്‌തത്:
ഹന്നയ്‌ക്ക് കുട്ടികളുണ്ടായിരുന്നില്ല. ആ വിഷമത്തിൽനിന്ന് ആശ്വാസം കിട്ടാൻ ഹന്ന ദൈവത്തോടു സഹായം ചോദിക്കുമായിരുന്നു. ഹന്നയുടെ ഭർത്താവിന് അവളെക്കൂടാതെ വെറൊരു ഭാര്യയും ഉണ്ടായിരുന്നു. അവളുടെ പേര് പെനിന്ന എന്നായിരുന്നു. പെനിന്നയ്‌ക്ക് കുട്ടികളുണ്ടായിരുന്നു. എന്നാൽ വിവാഹശേഷം കുറെ നാൾ ഹന്നയ്‌ക്ക് കുട്ടികളുണ്ടായിരുന്നില്ല. പെനിന്ന ക്രൂരമായി ഹന്നയെ കളിയാക്കുമായിരുന്നു. എന്നാൽ ഹന്ന ആശ്വാസത്തിനുവേണ്ടി ദൈവത്തോടു പ്രാർഥിച്ചു. ഒരിക്കൽ ഹന്ന ദൈവത്തിന് ഒരു കാര്യം നേർന്നു. നേർച്ച ഇതായിരുന്നു: ദൈവം തനിക്കൊരു മകനെ തന്നാൽ ആ മകനെ വിശുദ്ധകൂടാരത്തിൽ (യി സ്രായേല്യർ ആരാധനയ്‌ക്കുവേണ്ടി ഉപയോഗിച്ചിരുന്ന അഴിച്ചുമാറ്റാവുന്ന കൂടാരം) സേവിക്കാൻ വിട്ടുകൊടുക്കാമെന്ന്.
1 ശമുവേൽ 1:11.
11 അവൾ ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.
ഹന്നയുടെ പ്രാർഥന ദൈവം കേട്ടു. ഹന്നയ്‌ക്ക് ഒരു കുഞ്ഞുണ്ടായി. പേര് ശമുവേൽ. ഹന്ന തന്റെ വാക്കു പാലിച്ചു. ചെറിയ കുട്ടിയായിരുന്നപ്പോൾത്തന്നെ വിശുദ്ധകൂടാരത്തിൽ സേവിക്കാൻ ശമുവേലിനെ അയച്ചു.
[ഹന്നാ വ്യസനിക്കുവാൻ ഉള്ള കാരണം എന്ത്?’
രണ്ടു പ്രശ്‌നങ്ങളാണ് ഹന്നായെ അലട്ടിയിരുന്നത്,
3 ഹന്നായെ വലിയ രണ്ടു പ്രശ്‌നങ്ങൾ അലട്ടിയിരുന്നതായി ബൈബിൾവിവരണത്തിൽനിന്ന് നമുക്ക് മനസ്സിലാക്കാം. ഖേദകരമെന്നു പറയട്ടെ, അവ രണ്ടും അവളുടെ നിയന്ത്രണത്തിന് അപ്പുറമായിരുന്നു. ഭർത്താവിന്റെ ബഹുഭാര്യത്വമായിരുന്നു ഒരു പ്രശ്‌നം. എല്‌ക്കാനായുടെ മറ്റേ ഭാര്യ, ഹന്നായെ വെറുപ്പോടെയാണ് കണ്ടിരുന്നത്. കുട്ടികളില്ലാതിരുന്നതാണ് ഹന്നായുടെ രണ്ടാമത്തെ പ്രശ്‌നം. കുഞ്ഞുങ്ങളുണ്ടാകാൻ അതിയായി ആഗ്രഹിക്കുന്ന ഏതൊരു സ്‌ത്രീക്കും വന്ധ്യത ഒരു തീരാദുഃഖമാണ്. അന്നത്തെ സംസ്‌കാരത്തിൽ അത് കടുത്ത മനോവേദനയ്‌ക്ക് ഇടയാക്കി. കുടുംബപ്പേര് നിലനിറുത്താൻ ഓരോ കുടുംബത്തിലും കുട്ടികൾ അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ, വന്ധ്യയായ ഒരു സ്‌ത്രീ നിന്ദയും പരിഹാസവും ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു.
4 പെനിന്നാ ഹന്നായെ കുത്തിനോവിക്കുന്നില്ലായിരുന്നെങ്കിൽ, അവൾ ഈ ദുഃഖങ്ങളൊക്കെ ഉള്ളിലടക്കി ജീവിച്ചുപോയേനെ. ബഹുഭാര്യത്വം ഒരിക്കലും അഭികാമ്യമായ ഒന്നായി ബൈബിൾ ചൂണ്ടിക്കാണിച്ചിട്ടില്ല. അത്തരം കുടുംബങ്ങളിൽ പോരും കലഹവും ഹൃദയവേദനയും നിത്യസംഭവങ്ങളായിരുന്നു.
ഏദെൻ തോട്ടത്തിൽ യഹോവ ഏർപ്പെടുത്തിയത് ഏകഭാര്യത്വം ആയിരുന്നു. യഹോവയുടെ ക്രമീകരണത്തിൽനിന്ന് എത്രയോ അകലെയാണ് ബഹുഭാര്യത്വം
(ഉല്പ. 2:24)
24 അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.
25 മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.
5. പെനിന്നാ ഹന്നായെ വേദനിപ്പിക്കാൻ ശ്രമിച്ചത് എന്തുകൊണ്ട്, അതിന് അവൾ എന്താണ് ചെയ്‌തത്?
5 എല്‌ക്കാനാ ഹന്നായെയാണ് കൂടുതൽ സ്‌നേഹിച്ചത്. യഹൂദപാരമ്പര്യം പറയുന്നത്, എല്‌ക്കാനാ ആദ്യം ഹന്നായെ വിവാഹം കഴിച്ചെന്നാണ്, ഏതാനും വർഷം കഴിഞ്ഞ് പെനിന്നായെയും. കടുത്ത അസൂയക്കാരിയായ പെനിന്നായ്‌ക്ക് ഹന്നായെ കണ്ടുകൂടായിരുന്നു. അവളെ എങ്ങനെയെങ്കിലും വിഷമിപ്പിക്കുകയെന്ന ഒറ്റച്ചിന്തയേ പെനിന്നായ്‌ക്ക് ഉണ്ടായിരുന്നുള്ളൂ. അതിനു പറ്റിയ ഒരായുധവും അവൾക്കു കിട്ടി. ഹന്നായുടെ വന്ധ്യത! പെനിന്നായ്‌ക്ക് തുടരെത്തുടരെ കുട്ടികൾ ജനിച്ചു. അതിനതിന് അവളുടെ അഹങ്കാരവും വർധിച്ചു. ഹന്നായോടു സഹതപിക്കുകയും അവളുടെ സങ്കടത്തിൽ ആശ്വസിപ്പിക്കുകയും ചെയ്യുന്നതിനു പകരം പെനിന്നാ ആ അവസരം മുതലാക്കി. അവളുടെ മുറിവിൽത്തന്നെ വീണ്ടും മുറിവേൽപ്പിച്ചു! ബൈബിൾ പറയുന്നത്, “അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം” പെനിന്നാ അവളുടെ ജീവിതം അങ്ങേയറ്റം ദുഷ്‌കരമാക്കിയെന്നാണ്. (1 ശമൂ. 1:6) പെനിന്നായുടെ ചെയ്‌തികൾ കരുതിക്കൂട്ടിയുള്ളതായിരുന്നു. ഹന്നായെ വേദനിപ്പിക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. അവൾ അതിൽ വിജയിക്കുകയും ചെയ്‌തു
(1 ശമുവേൽ 1:27, 28)
27 ഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.
28 അതുകൊണ്ടു ഞാൻ അവനെ യഹോവെക്കു നിവേദിച്ചിരിക്കുന്നു; അവൻ ജീവപര്യന്തം യഹോവെക്കു നിവേദിതനായിരിക്കും. അവർ അവിടെ യഹോവയെ നമസ്കരിച്ചു
കൊച്ചുശമുവേലിന് ഓരോ വർഷവും ഹന്ന, (അങ്കി) കൈയില്ലാത്ത ഉടുപ്പുണ്ടാക്കി കൊണ്ടുപോയി കൊടുക്കും. മൂന്ന് ആൺകുട്ടികളെയും രണ്ടു പെൺകുട്ടികളെയും കൊടുത്തുകൊണ്ട് ദൈവം ഹന്നയെ വീണ്ടും അനുഗ്രഹിച്ചു.1 ശമുവേൽ 2:18-21.
ഹന്നയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
വിഷമങ്ങൾ സഹിച്ചുനിൽക്കാൻ ഹന്നയെ സഹായിച്ചത് ഉള്ളുരുകിയുള്ള പ്രാർഥനയാണ്. നന്ദി നിറഞ്ഞ ആ പ്രാർഥന 1 ശമുവേൽ 2:1-10 കാണാം.
ഈ വേദഭാഗങ്ങളിൽ ദൈവത്തിലുള്ള ഹന്നയുടെ ശക്തമായ വിശ്വാസം നമ്മുക്ക് കാണുവാൻ സാധിക്കും
നമ്മുടെയും ജീവതത്തിൽ പ്രതികൂല കാറ്റുകൾ വന്നിടുബോൾ ഹന്നയെ പോലെ മുട്ടിപ്പായി പ്രാത്ഥിക്കുന്ന ഒരു അനുഭവം നമ്മളിലും ഉണ്ടായാൽ ശുഭകരമായ നല്ല ഒരു ദിനം നമുക്ക് കാണുവാൻ സാധിക്കും
നിങ്ങൾക്കു വായിക്കാം.
1 ശമുവേൽ 2:1-10
1 അനന്തരം ഹന്നാ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു.
2 യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.
3 ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു; നിങ്ങളുടെ വായിൽനിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ ജ്ഞാനമുള്ള ദൈവം; അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു.
4 വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു.
5 സമ്പന്നർ ആഹാരത്തിന്നായി കൂലിക്കു നില്ക്കുന്നു; വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചു പോകുന്നു.
6 യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു;
7 യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.
8 അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങൾ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.
9 തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.
10 യഹോവയോടു എതിർക്കുന്നവൻ തകർന്നുപോകുന്നു; അവൻ ആകാശത്തുനിന്നു അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയർത്തുന്നു
Comments
Post a Comment