ABIGAYIL അബീഗയിൽ
ആരായിരുന്നു അബീഗയിൽ? നാബാൽ എന്നു പേരുള്ള ധനികനും ക്രൂരനും ആയ ഒരാളുടെ ഭാര്യയായിരുന്നു അവർ. എന്നാൽ അബീഗയിൽ വിവേകമതിയും താഴ്മയുളളവളും ആയിരുന്നു. അവൾ കാഴ്ചയ്ക്ക് സുന്ദരിയായിരുന്നു. കൂടാതെ യഹോവ ഇഷ്ടപ്പെടുന്ന ഗുണങ്ങളുള്ള ഒരു വ്യക്തിയുമായിരുന്നു അവൾ.—
1 ശമുവേൽ 25:3.
( അവന്നു നാബാൽ എന്നും അവന്റെ ഭാര്യക്കു അബീഗയിൽഎന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കർമ്മിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു)
അബീഗയിൽ ചെയ്‌തത്: ദുരന്തം ഒഴിവാക്കാൻ അബീഗയിൽ ജ്ഞാനത്തോടും വിവേകത്തോടും കൂടെ പ്രവർത്തിച്ചു. ഇസ്രായേലിന്റെ ഭാവി രാജാവായ ദാവീദ് ഒളിച്ച് കഴിഞ്ഞിരുന്ന സ്ഥലത്തിനടുത്താണ് അബീഗയിലും നാബാലും താമസിച്ചിരുന്നത്. അവിടെയായിരുന്നപ്പോൾ ദാവീദും കൂടെയുള്ളവരും നാബാലിന്റെ ആടുകളെ കവർച്ചക്കാരിൽനിന്ന് സംരക്ഷിച്ചു. എന്നാൽ ഒരിക്കൽ ദാവീദിന്റെ സന്ദേശവാഹകർ കുറച്ച് ഭക്ഷണം ചോദിച്ച് നാബാലിന്റെ അടുത്ത് ചെന്നപ്പോൾ ഒട്ടും മര്യാദയില്ലാതെ അയാൾ അവരെ പറഞ്ഞയച്ചു, ഭക്ഷണവും കൊടുത്തുവിട്ടില്ല. ഇത് അറിഞ്ഞ ദാവീദിനു വല്ലാത്ത ദേഷ്യം വന്നു. ദാവീദും കൂടെയുള്ളവരും നാബാലിനെയും അയാളുടെ വീട്ടിലുള്ളവരെയും കൊല്ലാൻ ഇറങ്ങിപ്പുറപ്പെട്ടു.—
1 ശമുവേൽ 25:10-12, 22.
10 നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു.
11 ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാർ എന്നു അറിയാത്തവർക്കു കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു.
തന്റെ ഭർത്താവ് ചെയ്‌ത കാര്യം അറിഞ്ഞ അബീഗയിൽ പെട്ടെന്ന് പ്രവർത്തിച്ചു. ദാവീദിനും കൂടെയുള്ളവർക്കും കഴിക്കാനായി കുറെ ഭക്ഷണസാധനങ്ങൾ തന്റെ ജോലിക്കാരുടെ കൈവശം അബീഗയിൽ കൊടുത്തുവിടുന്നു. ദാവീദിനോട് കരുണയ്ക്കുവേണ്ടി അപേക്ഷിക്കാൻ അവരുടെ പുറകെ അബീഗയിലും പോകുന്നു. (1 ശമുവേൽ 25:14-19, 24-31) ദാവീദ്, അബീഗയിൽ കൊടുത്തയച്ച സമ്മാനങ്ങൾ കണ്ടു. അവളുടെ താഴ്‌മ നിരീക്ഷിച്ചു. ജ്ഞാനോപദേശങ്ങൾ ശ്രദ്ധിച്ചു. വലിയൊരു ദുരന്തത്തിൽനിന്ന് തന്നെ രക്ഷിക്കാൻ ദൈവം അബീഗയിലിനെ ഉപയോഗിച്ചതാണെന്നു ദാവീദ് തിരിച്ചറിഞ്ഞു. (1 ശമുവേൽ 25:32, 33) അധികം വൈകാതെ നാബാൽ മരിക്കുന്നു. ദാവീദ് അബീഗയിലിനെ ഭാര്യയായി സ്വീകരിക്കുന്നു.—1 ശമുവേൽ 25:37-41.
അബീഗയിലിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? സൗന്ദര്യവും സമ്പത്തും ഉണ്ടായിരുന്നിട്ടും താൻ വലിയ ആളാണെന്ന ഭാവമൊന്നും അബീഗയിലിനുണ്ടായിരുന്നില്ല. തന്റെ കുഴപ്പംകൊണ്ട് വന്ന പ്രശ്നമല്ലെങ്കിലും സമാധാനം നിലനിറുത്താൻവേണ്ടി ദാവീദിനോട് ക്ഷമ ചോദിക്കാൻ അബീഗയിൽ തയ്യാറായി. വലിയ പ്രശ്നമുണ്ടായപ്പോഴും ശാന്തമായി, നയത്തോടെയും ധൈര്യത്തോടെയും വിവേകത്തോടെയും അബീഗയിൽ പ്രവർത്തിച്ചു.
Comments
Post a Comment